Wednesday, December 27, 2006

ഭാഗ്യത്തെ കുറിച്ചെന്തു പറയുന്നു..?

"ഭാഗ്യ"ത്തെക്കുറിച്ചെന്താണഭിപ്രായം? നാം യുക്തിപരമായി ചിന്തിയ്ക്കുമ്പോള്‍ ഭാഗ്യത്തിന്‌ വലിയ പ്രസക്തിയൊന്നുമില്ല. യാദൃശ്ചികം എന്നു വേണമെങ്കില്‍ പറയാം. എന്നാള്‍ നാം നമ്മുടെ ജീവിതത്തിലേക്കൊന്നു തിരിഞ്ഞു നോക്കിയാലോ, പലപ്പോഴും ഭാഗ്യം നമ്മെ തഴുകി കടന്നുപോയതായി കാണാം.ഞാനൊരന്ധ വിശ്വാസിയല്ല. ഒരു പരിധി വരെ (മാത്രം) യുക്തി വാദിയാണു താനും. എങ്കിലും എന്റെ ജീവിതത്തില്‍ പലപ്പോഴും ഭാഗ്യം എന്നെ അനുഗ്രഹിച്ചിട്ടുണ്ട്‌.ഇതൊന്നു കേള്‍ക്കൂ: ഞങ്ങള്‍ പാലായില്‍ തോടനാല്‍ എന്ന സ്ഥലത്ത്‌ കഴിയുന്ന കാലം. എനിക്കന്ന് ഒന്‍പത്‌ വയസ്സ്‌ പ്രായം. എന്റെ കുടുംബത്തില്‍ അച്ഛന്‍, അമ്മ, അച്ഛന്റെ അച്ഛന്‍, ഞാന്‍, അനുജന്‍, കുഞ്ഞനിയത്തി ഇത്രയും പേര്‍. ഞങ്ങളുടെ വീട്ടില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ ഒരു ക്ഷേത്രം, മൂഴൂരമ്പലം. അവിടത്തെ ഉത്സവ കാലം. രാത്രിയില്‍ ഏതൊ പ്രശസ്തരുടെ നാടകമുണ്ട്‌. വീട്ടില്‍ അന്ന് അച്ഛന്‍ ഉണ്ടായിരുന്നില്ല. അച്ഛച്ഛന്‌ നാടകം വലിയ പ്രിയമാണ്‌. അങ്ങനെ അച്ഛച്ഛന്‍, അമ്മ, ഞാന്‍, അനുജന്‍, അനുജത്തി(കൈക്കുഞ്ഞ്‌) എന്നിവര്‍ രാത്രി എട്ടരയോടെ നാടകം കാണാന്‍ പുറപ്പെട്ടു. നല്ല ഇരുട്ട്‌. അച്ഛച്ഛന്റെ കൈയില്‍ വലിയൊരു ടോര്‍ച്ചുണ്ട്‌.എറ്റവും മുന്നില്‍ അനുജന്റെ കൈയും പിടിച്ച്‌(അച്ഛച്ഛന്റെ പെറ്റാണവന്‍)അച്ഛച്ഛന്‍ മുന്‍പില്‍. തൊട്ടു പിറകില്‍ ഞാന്‍. ഏറ്റവും പിറകില്‍ അമ്മയും അനുജത്തിയും. ക്ഷേത്രം അടുക്കാറായി. മൈക്കിന്റെ ശബ്ദം വ്യക്തമായി കേള്‍ക്കാം. ദൂരം ലാഭിയ്ക്കാനായി ടാര്‍ റോഡില്‍ നിന്നും വിട്ട്‌ മറ്റൊരു വഴിയിലൂടെയാണ്‌ യാത്ര. ഞങ്ങളെക്കടന്ന് ആള്‍ക്കാര്‍ പോകുന്നുണ്ട്‌. നല്ല ഇരുട്ട്‌. ഞങ്ങള്‍ ഒന്നു മൂത്രമൊഴിക്കാന്‍ നിന്നശേഷം നടന്നു തുടങ്ങി. അടുത്ത്‌ ആള്‍ക്കാരൊന്നുമില്ല. പെട്ടെന്ന് എന്തോ തകര്‍ന്നു വീഴുന്നതു പോലെ എനിക്ക്‌ തോന്നി. എന്റെ മുന്‍പിലായി ഒരു വെളിച്ചം മിന്നിമറഞ്ഞു. എന്റെ മുന്‍പില്‍ എന്തോ തലയ്ക്കു മുകളിലൂടെ വന്നു വീണു. ഞാന്‍ അതു കവച്ചു മറികടന്നു. എനിക്കൊന്നും മനസ്സിലായില്ല. ഇരുട്ടില്‍ നിന്നും അമ്മയുടെ നിലവിളി. അടുത്തു വന്നു വീണ ടോര്‍ച്ചെടുത്ത്‌ അമ്മ തെളിച്ചു. ആ കാഴ്ച ഞാനും കണ്ടു. വലിയൊരു തെങ്ങ്‌ എന്റെ മുന്‍പില്‍ മറിഞ്ഞു കിടക്കുന്നു. പിന്നില്‍ നടന്നിരുന്ന അച്ഛച്ഛന്‍ തല തകര്‍ന്ന് വീണു കിടക്കുന്നു! ഒരു ചലനത്തോടെ അച്ഛച്ഛന്‍ വിട പറഞ്ഞു! ഒപ്പമുണ്ടായിരുന്ന അനുജന്‍ എന്റെ മുപില്‍ വീണുകിടക്കുന്നു. കാര്യമായ പരുക്കൊന്നുമില്ലാതെ. എന്നാല്‍ ആ പിഞ്ചുജീവനും പൊയ്ക്കഴിഞ്ഞിരുന്നു.ഞാനും അമ്മയും അനുജത്തിയും ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപെട്ടു!വഴിയരുകില്‍ നിന്ന ഒരു പച്ചതെങ്ങ്‌ മറിഞ്ഞു വീണതായിരുന്നു! ഒപ്പം നടന്നവരില്‍ നിന്നും ഞങ്ങള്‍ മാത്രം ബാക്കി, ഇപ്പോഴും.എനിക്കിപ്പോഴും ഈ സംഭവത്തിന്‌ ഒരു വിശദീകരണം കണ്ടെത്താന്‍ കഴിയുന്നില്ല. യാദൃശ്ചികമാവാം അല്ലേ.മറ്റൊരു സംഭവം: ഞാന്‍ നാട്ടിലായിരുന്നപ്പോള്‍ പ്ലാന്‍, എസ്റ്റിമേറ്റ്‌ എന്നിവ തയ്യാറാക്കുന്ന ഒരു സ്ഥാപനം നടത്തിയിരുന്നു. ഒരു ഓണക്കാലം. എനിക്ക്‌ സീസണ്‍ വളരെ മോശം. കാല്‍ക്കാശ്‌ കൈയിലില്ല. വീട്ടിലേയ്ക്ക്‌ കൊടുക്കാന്‍ ഒന്നുമില്ലാത്ത സ്ഥിതി. വിവാഹം കഴിഞ്ഞിട്ട്‌ ഒരു വര്‍ഷമേ ആയിട്ടുള്ളൂ.സമയം വൈകിട്ട്‌ ഏഴുമണി കഴിഞ്ഞു. ഞാനാകെ നിരാശനായി, പുറത്തെ ഷട്ടര്‍ താഴ്ത്തി ഓഫീസിനുള്ളില്‍ താടിയ്ക്ക്‌ കൈയും കൊടുത്തിരിയ്ക്കുകയാണ്‌. ആരോടു കടം ചോദിയ്ക്കും?അപ്പോള്‍ ആരോ ഷട്ടറില്‍ ശക്തിയായി തട്ടുന്നു. ഞാന്‍ ഗൌനിച്ചില്ല. വീണ്ടും തട്ട്‌. ഞാന്‍ മെല്ലെ ഷട്ടര്‍ ഉയര്‍ത്തുമ്പോള്‍ ഒരാള്‍ നൂഴ്ന്ന് അകത്ത്‌ കടന്നു. എനിക്ക്‌ പരിചയമുള്ള ഒരു അഭിഭാഷകന്‍.അദ്ദേഹം വേഗം കാര്യം പറഞ്ഞു. ഒരു പ്ലാന്‍ വേണം, ലോണെടുക്കാനാണ്‌! ഡീറ്റെയില്‍സൊക്കെ വാങ്ങി വച്ചു. സാധാരണ ഒരു വര്‍ക്കിന്‌ അഡ്വാന്‍സ്‌ മേടിയ്ക്കാറുണ്ട്‌. ഇദ്ദേഹം എന്റെ പരിചയക്കരനായതിനാല്‍ മേടിയ്ക്കാനും വയ്യ. ഞാന്‍ മടിച്ചു നില്‍ക്കെ അദ്ദേഹം ഒരു പൊതി നീട്ടി. ഒപ്പം ഇങ്ങനെ പറഞ്ഞു: "ഓണമൊക്കെ അല്ലേ, ഇതാ നിങ്ങളുടെ ഫീസ്‌ മുഴുവനും ഉണ്ട്‌".നോക്കണം, ഞാന്‍ ഓരഴ്ച മുഴുവന്‍ ഓഫീസ്‌ മലര്‍ക്കെ തുറന്നു വച്ചിട്ട്‌ വരാത്ത കാശ്‌, അടച്ച ഷട്ടര്‍ തള്ളിതുറന്ന് എന്നെ തേടി വന്നിരിയ്ക്കുന്നു!!അപ്പോള്‍ ഭാഗ്യം എന്നത്‌ യാദൃശ്ചികത മാത്രമാണോ? എന്തു തോന്നുന്നു?

Tuesday, December 26, 2006

മലയാളത്തില്‍ എഴുതാന്‍

മലയാളത്തില്‍ എഴുതാന്‍ ആഗ്രഹിയ്ക്കുന്നവര്‍ "varamozhi editor" ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. മംഗ്ലീഷ് റ്റൈപ്പ് ചെയ്തശേഷം Unicode ആയി എക്സ്പോര്‍ട് ചെയ്യുക. ഇനി അവിടെ നിന്നും കോപ്പി ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്യുക.
ഇവിടെ നേരിട്ട് ടൈപ്പ് ചെയ്യാന്‍ "Tavultesoft keyman 6.0" എന്ന ചെറിയൊരു സോഫ്റ്റ്‍വെയര്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താലും മതി.

മതം മറ്റുള്ളവനു വേണ്ടി മാത്രമോ?

കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ ഒരുകൂട്ടം ആളുകള്‍ 50 വയസ്സുപ്രായമുള്ള ഒരു സ്ത്രീയേയും 18 വയസ്സുപ്രായമുള്ള, അവരുടെ പേരമകളേയും മര്‍ദ്ദിയ്ക്കുകയും ആ സ്ത്രീയുടെ തല മൊട്ടയടിയ്ക്കുകയും ചെയ്തു. അനാശാസ്യം ആരോപിച്ചായിരുന്നുവത്രെ മര്‍ദ്ദനവും മുണ്ഡനവും. സ്ത്രീയും മര്‍ദിച്ചവരുമെല്ലാം ഒരേ മതക്കാരാണ്‌. മതത്തിന്റെ പേരിലായാലും രണ്ടു സ്ത്രീകളെ പുരുഷന്മാര്‍ മര്‍ദിച്ചത്‌ ശരിയാണോ? അപമാനിച്ചതു ശരിയാണോ?സംഭവസ്ഥലത്തെത്തിയ എസ്‌.ഐ. എന്തോ പറഞ്ഞു നാട്ടുകാരെ "അപമാനിച്ചു" എന്നാരൊപിച്ച്‌ അദ്ദേഹത്തെയും തടയുകയുണ്ടായി.മതം മറ്റുള്ളവരുടെ കാര്യത്തില്‍ മാത്രം "സ്ത്രോങ്ങാ"യാല്‍ മതിയോ? സ്വന്തം കാര്യത്തില്‍ സ്റ്റ്രോങ്ങാകേണ്ടേ?

എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും സ്വാഗതം!

എല്ലാ സുഹൃത്തുക്കള്‍ക്കും സ്വാഗതം. സഭ്യമായതെന്തും എഴുതാം, ചോദിക്കാം. സം‌വാദങ്ങള്‍, തമാശകള്‍, അറിവുകള്‍ എല്ലാമെല്ലാം പങ്കു വെയ്ക്കാം..